മാറുന്ന അസമത്വത്തിന്റെ സ്വഭാവം


മാനവവികസനം വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും അതിനൊപ്പം മനുഷ്യന്റെ ജീവിത നിലവാരവും ഉൾചേർന്ന പ്രക്രിയയാണ്. മാനവ വികസന സൂചിക മൂന്ന് അടിസ്ഥാന തലങ്ങളിലൂടെ ജനങ്ങളുടെ ദീർഘകാല പുരോഗതി വിലയിരുത്തുന്നു. ദീർഘവും ആരോഗ്യകരവുമായ ജീവിതം, അറിവിലേക്കുള്ള പ്രവേശനം, മാന്യമായ ജീവിതനിലവാരം എന്നിവയിൽ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്. 2019ലെ മാനവ വികസനം റിപ്പോർട്ട് “വരുമാനത്തിനപ്പുറം, ശരാശരിക്കപ്പുറം, ഇന്നത്തേതിനുമപ്പുറം. 21-ാം നൂറ്റാണ്ടിലെ മാനവവികസനത്തിലെ അസമത്വങ്ങൾ” എന്ന തലക്കെട്ടോടെയാണ് 2019 ഡിസംബർ 9-ാം തീയതി പ്രസിദ്ധീകരിച്ചത്. സാമ്പത്തികവളർച്ച യാന്ത്രികമായി വികസനത്തിലേക്കും ക്ഷേമത്തിലേക്കും നയിക്കുമെന്ന ആശയത്തിന് അതീതമായിട്ടാണ് മാനവവികസന സമീപനം യുഎൻഡിപി രൂപ്പെടുത്തിയിരിക്കുന്നത്. 1990-ലെ ആദ്യത്തെ മാനവവികസന റിപ്പോർട്ട് സൂചിപ്പിക്കുന്നത് ദീർഘവും ആരോഗ്യപരവും സൃഷ്ടിപരവുമായ ജീവിതം ആസ്വദിക്കുന്ന ജനസാമാന്യത്തിന് ആവശ്യമായ ഒരു ചുറ്റുപാട് ഉണ്ടാക്കുകയെന്നതാണ് വികസനത്തിന്റെ അടിസ്ഥാനലക്ഷ്യം. മാനവ വികസനത്തെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണം അവതരിപ്പിച്ചത് വിഖ്യാത വികസന സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യാസെന്നാണ്. അദ്ദേഹം ‘വികസനം തന്നെ സ്വതന്ത്ര്യം’ എന്ന ഗ്രന്ഥത്തിൽ ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. സ്വാതന്ത്ര്യത്തെ വിപുലീകരിക്കുന്ന പ്രക്രിയയാണ് വികസനം. യുക്തിപരമായി തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തെ പരിമിതപ്പെടുത്തുന്ന പലതരത്തിലുള്ള അസ്വാതന്ത്ര്യങ്ങളുടെ അപഹരണമാണ് വികസനം. ദാരിദ്ര്യം, അസമത്വം, സാമൂഹിക അവസരങ്ങളുടെ നിഷേധം എന്നിവ വികസനത്തെ തടസപ്പെടുത്തുന്നു. അസ്വാതന്ത്ര്യങ്ങളുടെ ഇത്തരത്തിലുള്ള മുഖ്യ സ്രോതസുകൾ വികസനത്തിന് തടസം സൃഷ്ടിക്കുന്നു. പലതരത്തിലുള്ള അസ്വാതന്ത്ര്യങ്ങൾ ഇല്ലാതാക്കുകയും, പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ പുതിയ സ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവിലേക്ക് എത്തിച്ചേരുകയെന്നതാണ് യഥാർത്ഥ വികസനമെന്ന് സെൻ ചൂണ്ടിക്കാട്ടുന്നു. സെന്നിന്റെ ഈ നിരീക്ഷണങ്ങൾ 2019-ലെ ലോക മാനവവികസന റിപ്പോർട്ട് അടിവരയിടുകയാണ് ചെയ്യുന്നത്.
1990-ലെ ഒന്നാമത്തെ മാനവവികസന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിൽ നിന്നും വളരെ വിഭിന്നമായ സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. അടിസ്ഥാന ജീവിത നിലവാരത്തിൽ അഭിവൃദ്ധി പ്രകടമാകുന്നുവെങ്കിലും പട്ടിണി, ദാരിദ്ര്യം, പോഷകാഹാരക്കുറവ്, തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ ആഗോളതലത്തിലും ഇന്ത്യയിലും സാധിച്ചിട്ടില്ല. പുതിയ കാലഘട്ടത്തിൽ അസമത്വങ്ങൾ സൃഷ്ടിക്കുന്നത് കാലാവസ്ഥാ വ്യതിയാനവും സാങ്കേതിക വിദ്യയിലുള്ള വളർച്ചയുംമൂലമാണ്.
ഒരു രാജ്യത്തെ അടിസ്ഥാന മാനവ വികസന നേട്ടങ്ങളുടെ ശരാശരി അളവാണ് മാനവവികസന സൂചിക. എല്ലാ ശരാശരിയെയും പോലെ എച്ച്ഡിഐ രാജ്യതലത്തിൽ ജനസംഖ്യയിലുടനീളം മാനവവികസനത്തിലെ വിതരണത്തിലെ അസമത്വം മറയ്ക്കുന്നു. ഇത് പരിഹരിക്കാനാണ് 2010-ലെ മാനവവികസന റിപ്പോർട്ട് അസമത്വ നിയന്ത്രിത മാനവവികസന സൂചിക അവതരിപ്പിച്ചത്. ഐഎച്ച്ഡിഐ പ്രകാരം എച്ച്ഡിഐയുടെ മൂന്ന് തലങ്ങളിലുള്ള അസമത്വം പരിഗണിക്കുന്നു. ഓരോ അളവുകളുടെയും ശരാശരി മൂല്യത്തെ അതിന്റെ അസമത്വ നിലവാരത്തിനനുസരിച്ച് ‘ഡിസ്കൗണ്ട്’ ചെയ്യുന്നു. ഐഎച്ച്ഡിഐ അടിസ്ഥാനപരമായ അസമത്വങ്ങൾക്ക് കിഴിവുള്ള എച്ച്ഡിഐയാണ്. എച്ച്ഡിഐയും ഐഎച്ച്ഡിഐയും തമ്മിലുള്ള വ്യത്യാസമാണ് അസമത്വംമൂലം മാനവ വികസനത്തിലെ ‘നഷ്ടം’ നൽകുന്നത്. ഒരു രാജ്യത്ത് അസമത്വം കൂടുന്നതിനനുസരിച്ച് മാനവവികസനത്തിലും നഷ്ടം സംഭവിക്കുന്നു.
2019-ലെ മാനവവികസന സൂചികയിൽ 189 രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ റാങ്ക് 129-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു റാങ്ക് മെച്ചപ്പെടുത്തി. 1990നും 2018നുമിടയിൽ ഇന്ത്യയുടെ എച്ച്ഡിഐ മൂല്യം 50 ശതമാനം വർധിച്ചു. (0. 431 ൽ നിന്ന് 0. 647 ആയി). മാനവവികസ റിപ്പോർട്ട് 2019 പ്രകാരം 2005നും 2015നുമിടയിൽ ഇന്ത്യയിൽ 271 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയെങ്കിലും ലോകത്തിലെ ഏറ്റവും വലിയ പങ്ക് ബഹുമുഖ ദാരിദ്യ്രം അനുഭവിക്കുന്നവർ ഇന്ത്യക്കാരാണ്. ലോകത്തെ ദരിദ്രരിൽ 25 ശതമാനത്തോളം ഇന്ത്യക്കാരാണ്.
വിവിധ സൂചകങ്ങളിൽ നേരിയ പുരോഗതി പ്രകടമാണെങ്കിലും ലിംഗാധിഷ്ഠിത അസമത്വം ഇന്ത്യയിൽ ഉയർന്ന നിലയിലാണ്. 2010-ലെ മാനവ വികസന റിപ്പോർട്ട് മുന്നോട്ടുവച്ച സൂചികയാണ് ലിംഗ അസമത്വ സൂചിക. ലിംഗാധിഷ്ഠിത അസമത്വങ്ങളെ മൂന്ന് തലത്തിൽ വിലയിരുത്തുന്നു. അവ പ്രത്യുൽപ്പാദന ആരോഗ്യം, ശാക്തീകരണം, സാമ്പത്തിക പ്രവർത്തനം എന്നിവയാണ്. പ്രത്യുല്പാദന ആരോഗ്യം അളക്കുന്നത് മാതൃമരണവും, കൗമാര ജനനനിരക്കും അനുസരിച്ചാണ്. സ്ത്രീകളുടെ പാർലമെന്റ് സീറ്റുകളുടെ വിഹിതവും, ഓരോ ലിംഗഭേദവും സെക്കൻഡറി ഉന്നത വിദ്യാഭ്യാസത്തിൽ നേടിയെടുക്കുന്നതുമാണ് ശാക്തീകരണത്തിൽ അളക്കുന്നത്. സ്ത്രീകളുടെയും പുരുഷൻമാരുടെയും തൊഴിൽ വിപണി പങ്കാളിത്ത നിരക്ക് സാമ്പത്തിക പ്രവർത്തനമായി പരിഗണിക്കുന്നു. ഈ മൂന്ന് ജിഐഐ അളവുകോലുകളിലൂടെ സ്ത്രീ-പുരുഷ നേട്ടങ്ങൾ തമ്മിലുള്ള അസമത്വംമൂലം മനുഷ്യവികസനത്തിലെ നഷ്ടം എന്നാണ് ജിഐഐ വ്യാഖ്യാനിക്കുന്നത്. ഇന്ത്യയുടെ ജിഐഐ മൂല്യം 0. 501 ആണ്. 2018-ലെ ലിംഗ അസമത്വസൂചികയിലെ 162 രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 122-ാമതാണ്.
ലോകം ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവരുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുമ്പോൾ, ലോകം മറ്റൊരു തരത്തിലേക്കുള്ള ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നുവെന്ന് 2019-ലെ മാനവവികസന റിപ്പോർട്ട് സൂചിപ്പിക്കുന്നു. പഴയ അസമത്വങ്ങൾ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ സേവനങ്ങളെയും പ്രവേശനത്തെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണെങ്കിൽ ഇന്നത് കാലാവസ്ഥ വ്യതിയാനത്തെയും സാങ്കേതികവിദ്യയുടെ വളർച്ചയെയും ആധാരമാക്കിയാണ്. എന്നാൽ ഇന്ത്യ ഇന്ന് അനുഭവിക്കുന്നത് രണ്ട് തരത്തിലുള്ള ദാരിദ്ര്യമാണ്.
ആരോഗ്യസംരക്ഷണത്തിലെ അപര്യാപ്തത, വിദ്യാഭ്യാസ ലഭ്യതക്കുറവ്, മോശപ്പെട്ട ജീവിതനിലവാരം എന്നിവയിലൂടെ ഇന്ത്യയിലെ പകുതി ഇന്ത്യക്കാർ ദാരിദ്ര്യം അനുഭവിക്കുന്നു. അതിനൊപ്പം പുതിയ വികസന മാനദണ്ഡമായ കാലാവസ്ഥാ വ്യതിയാനം, സാങ്കേതിക വിദ്യയിലുള്ള കുതിപ്പ് എന്നിവയിലൂടെയും ഇന്ത്യയിലെ ജനത ദാരിദ്ര്യം അനുഭവിക്കുന്നു. ഇത്തരത്തിലുള്ള ബഹുമുഖമായ ദാരിദ്ര്യം ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യ നേട്ടത്തെപ്പോലും അപകടപ്പെടുത്തുമെന്ന് 2019-ലെ മാനവ വികസന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേഷ്യയിലെ പത്തിൽ നാല് പേർക്കും ഇപ്പോഴും ശുചിത്വ സൗകര്യങ്ങൾ ലഭ്യമല്ല, അതിനൊപ്പം കാലാവസ്ഥ വ്യതിയാനത്തിന് ദരിദ്ര സമൂഹങ്ങൾ ഇരയായി മാറുമെന്ന് ഈ റിപ്പോർട്ട് സൂചന നൽകുന്നു. ഏഷ്യയിലെ പല രാജ്യങ്ങളിലും താപനില 1.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടുള്ള സാഹചര്യത്തിൽ ദരിദ്രജനതയ്ക്ക് അതിജീവനംപോലും അപകടത്തിലാകുന്നു. സാമ്പത്തികമാന്ദ്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾമൂലം വരുമാനത്തിൽ കുറവും, ഭക്ഷ്യവസ്തുക്കളുടെ വർധനവുംമൂലം സാധാരണ ജനതയ്ക്ക് പ്രാഥമികാവശ്യങ്ങൾ പോലും നേടിയെടുക്കാൻ സാധിക്കില്ല.
വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം എന്നിവയുടെ അസമമായ വിതരണം രാജ്യത്തിന്റെ പുരോഗതിയെ തടസപ്പെടുത്തുമെന്ന് 2019-ലെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ റിപ്പോർട്ട് അസമത്വത്തെ മൂന്ന് ഘട്ടങ്ങളിലായി വിശകലനം ചെയ്യുന്നു. അവ പ്രധാനമായി വരുമാനത്തിനപ്പുറം ചിന്തിക്കുന്നു. ശരാശരിക്കപ്പുറത്തേക്ക് നോക്കുന്നു, കൂടാതെ ഇന്നത്തേതിനപ്പുറമുള്ള ആസൂത്രണത്തിലേക്ക് വിരൽചൂണ്ടുന്നു. അസമത്വത്തിന്റെ പ്രശ്നപരിഹാര രീതി എളുപ്പത്തിൽ നിർദേശിക്കാൻ സാധ്യമല്ല മറിച്ച് മികച്ച നയരൂപീകരണത്തിലൂടെ മാത്രമേ മറികടക്കാൻ സാധിക്കുകയുള്ളു. അസമത്വത്തിന്റെ യഥാർത്ഥ മുഖം തിരിച്ചറിയുകയെന്നതാണ് ആദ്യപടി. അടുത്തതായി ഓരോ വ്യക്തിയും ചെയ്യേണ്ടത് സൂക്ഷ്മമായ തെരഞ്ഞെടുപ്പാണ് എന്ന് യുഎൻഡിപി അഡ്മിനിസ്ട്രേറ്റർ അച്ചിംസ്റ്റെയ്നർ സൂചിപ്പിക്കുന്നു.
കാലാവസ്ഥ വ്യതിയാനവും സാങ്കേതിക വളർച്ചയുടെ വികാസവും ഉയർത്തുന്ന ഭീഷണികളെ നേരിടാൻ ഭരണതലത്തിൽ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തി വിവിധങ്ങളായ ക്ഷേമാധിഷ്ഠിത നയങ്ങൾ ആവിഷ്കരിക്കണം. സാങ്കേതിക വിദ്യയുടെ മാറ്റം, കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന ഭീഷണികൾ, ലിംഗപരമായ അസമത്വം, സാർവത്രികമായ ആരോഗ്യ സംരക്ഷണം, ശിശുപോഷണം, നെെപുണി വികാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ മുന്നേറണം. സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുമായി മാനവ വികസനത്തിന്റെ ഒത്തുചേരലിനായി ഭരണകർത്താക്കൾ, നയരൂപീകരണ വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, വികസന സാമ്പത്തിക ശാസ്ത്രജ്ഞർ എന്നിവർ ചർച്ചചെയ്ത് വിശാലമായ ജനക്ഷേമ നയപരിപാടികൾ ആവിഷ്കരിച്ച് മുന്നേറണമെന്ന സൂചനയാണ് ഈ വർഷത്തെ മാനവവികസന റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്.
**********************************************************************************************
**********************************************************************************************
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ അനിവാര്യമായ ജനജാഗ്രത


ഭൂമിയില്‍ ഓരോ നിമിഷവും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ആര്‍ത്തിയും സ്വാര്‍ഥതാല്‍പര്യങ്ങളും സുഖലോലുപതയോടുള്ള അമിതാവേശവും മൂലം ലോകമെമ്പാടും ‘വലിച്ചെറിയല്‍ സംസ്കാരം’ വ്യാപിച്ചു കഴിഞ്ഞു. വലിച്ചെറിയുന്നവയില്‍ ഏറ്റവും അപകടകാരിയായ വസ്തുവാണ് പ്ലാസ്റ്റിക്. 1980 നുശേഷം ആഗോളതലത്തിലുള്ള നവലിബറല്‍ നയങ്ങളുടെ ഫലമായി മുതലാളിത്ത ശക്തികള്‍ ആവിഷ്കരിച്ച തന്ത്രം ‘ഉപയോഗശേഷം വലിച്ചെറിയുക’ എന്നതിന് അനുയോജ്യമായ വസ്തുവാണ് പ്ലാസ്റ്റിക്. മുതലാളിത്ത രാജ്യങ്ങള്‍ അമിതമായ തോതില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുകയും ബാക്കിവരുന്ന മാലിന്യങ്ങള്‍ മൂന്നാംകിട രാജ്യങ്ങളിലേക്ക് വിവിധ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ പുറംതള്ളുന്നു. മൂന്നാംകിട രാജ്യങ്ങള്‍ ഈ അപകടകരമായ യാഥാര്‍ഥ്യം മനസിലാക്കാന്‍ വൈകി.
പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങളെ ഇന്ത്യയെപോലുള്ള വികസിതരാജ്യങ്ങള്‍ ഗൗരവത്തോടെ ഇന്നും പരിഗണന വിഷയമായി മാറിയിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് കേരളം പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ സമ്പൂര്‍ണ നിരോധനമെന്ന ധീരമായ ചുവടുവയ്പ് നടത്തുകയും ഇതിലൂടെ ബദല്‍വികസന മാതൃകയ്ക്ക് രൂപം നല്‍കാന്‍ സാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് 2020 ജനുവരി ഒന്നു മുതല്‍ കേരള സര്‍ക്കാര്‍ ഇത് നടപ്പിലാക്കുന്നത്. ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണം വില്‍പന, സംഭരണം എന്നിവ ജനുവരിയോടെ കേരളത്തില്‍ നിരോധിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പാരിസ്ഥിതികവും ആരോഗ്യപരവുമായ ഒരു പ്രധാന അപകടമായി വളരുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. ആധുനിക കാലത്ത് പ്ലാസ്റ്റിക് വ്യക്തികളുടെ നിത്യജീവിതത്തില്‍ പ്രധാന ഘടകമായി മാറി. ഭക്ഷണം കഴിക്കുന്ന, ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന, പാചകം ചെയ്യുന്നതുവരെ ഇന്ന് പ്ലാസ്റ്റിക് നിര്‍മിതമാണ്. ഈ ഉപയോഗത്തിലൂടെ മനുഷ്യര്‍ വിവിധങ്ങളായ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. മണ്ണിൽ മാത്രമല്ല, സമുദ്രങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിയുന്നു. പരിസ്ഥിതി സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത് ഈ നില തുടരുകയാണെങ്കില്‍ 2050 ഓടെ സമുദ്രങ്ങളിലെ മത്സ്യസമ്പത്തിനേക്കാള്‍ കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത്.
1950 കാലഘട്ടത്തില്‍ ഉപഭോക്തൃ ഉല്പന്നങ്ങളില്‍ അപൂര്‍വമായി മാത്രം ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക്കിന്റെ വകഭേദങ്ങള്‍ ഇന്ത്യയിൽ ഇന്ന് സര്‍വവ്യാപിയായി മാറിക്കഴിഞ്ഞു. പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതിയോട് എന്താണ് ചെയ്യുന്നതെന്ന ശരിയായ തിരിച്ചറിവാണ് നമുക്കാവശ്യം. ആഗോളതലത്തില്‍ ഓരോ വര്‍ഷവും അഞ്ച് ലക്ഷം കോടി പ്ലാസ്റ്റിക് സഞ്ചികളാണ് ഉപയോഗിക്കുന്നത്. പ്രതിനിമിഷം 10 ലക്ഷം സഞ്ചികളാണ്. ഒരാള്‍ ഒരു വര്‍ഷം കൊണ്ട് 150 സഞ്ചികള്‍ ഉപയോഗിക്കുന്നുവെന്നാണ് ഇത് അര്‍ഥമാക്കുന്നത്. പ്രതിവര്‍ഷം 130 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് മനുഷ്യന്‍ ഉപയോഗിച്ച ശേഷം കടലില്‍ തള്ളുന്നത്. അതായത്, ഓരോ മിനിറ്റിലും ഒരു ട്രക്ക് നിറയെ പ്ലാസ്റ്റിക് കടലില്‍ എത്തിച്ചേരുന്നു. ലോകത്ത് ഓരോ മിനിറ്റിലും 10 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകള്‍ വില്‍ക്കപ്പെടുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഉണ്ടായതിനെക്കാള്‍ അധികം പ്ലാസ്റ്റിക് ആണ് കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്ത് ഉല്പാദിപ്പിക്കപ്പെട്ടത്. ലോകത്തെ മൊത്തം മാലിന്യങ്ങളില്‍ 10 ശതമാനത്തോളം പ്ലാസ്റ്റിക് മാലിന്യമെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
ലോകത്ത് പത്തില്‍ മൂന്നുപേര്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഇരയായി മരിക്കുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് വിഘടിച്ച് പുറത്തുവരുന്ന ഡയോക്സിന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മെര്‍ക്കുറി തുടങ്ങിയവ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. നാം കഴിക്കുന്ന ഭക്ഷണത്തില്‍ പോലും പ്ലാസ്റ്റിക്കിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ ഹാരിയറ്റ്-വാട്ട് സര്‍വകലാശാലയിലെ ഗവേഷകര്‍ വെളിപ്പെടുത്തുന്നു. ശരാശരി ഒരു മനുഷ്യന്‍ വര്‍ഷത്തില്‍ 13,731 മുതല്‍ 68,415 വരെ പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ആഹാരത്തോടൊപ്പം കഴിക്കുന്നുവെന്നാണ് ഈ ഗവേഷകരുടെ നിരീക്ഷണം. കാഴ്‍സിനോജിക് വസ്തുക്കളും ഡയോക്സിനും ഇതുവഴി ശരീരത്തില്‍ അമിതമായി എത്തുമ്പോള്‍ കോശങ്ങള്‍ നശിക്കുകയും ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യുന്നു.
2050 ഓടുകൂടി പ്ലാസ്റ്റിക്കിന്റെ എണ്ണം കടലിന്റെ മീനിനേക്കാള്‍ കൂടുതലാകും. കടലില്‍ എത്തിച്ചേരുന്ന പ്ലാസ്റ്റിക്കുകള്‍ 500 മുതല്‍ 1000 വര്‍ഷം വരെ ഭൂമിയില്‍ കിടക്കുന്നു. അത്രയും കാലത്തോളം കരയിലെയും കടലിലെയും ജൈവവൈവിധ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. ലോകത്ത് പല രാജ്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന വിപത്തിനെ നേരിടാന്‍ വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട 2008 മുതല്‍ പ്ലാസ്റ്റിക് ബാഗ് വിമുക്തരാജ്യമായി പ്രഖ്യാപിച്ചു. ഫ്രാന്‍സില്‍ 2016 മുതല്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി നിയമരൂപീകരണവും ബോധവല്‍ക്കരണ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കപ്പുകള്‍, പ്ലേറ്റുകള്‍, മറ്റു പ്ലാസ്റ്റിക് ഉപകരണങ്ങള്‍ എന്നിവ 2020 ഓടുകൂടി പൂര്‍ണമായും നിരോധിക്കുന്നതിനാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. അതിനൊപ്പം 2025 ഓടുകൂടി പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പകുതിയായി കുറയ്ക്കാനും ശ്രമങ്ങള്‍ ആരംഭിച്ചു.
2008 ല്‍ ചൈനീസ് സര്‍ക്കാര്‍ പാസാക്കിയ നിയമപ്രകാരം ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങള്‍ ഇടപാടുകാര്‍ക്ക് സൗജന്യമായി പ്ലാസ്റ്റിക് സഞ്ചികള്‍ നല്‍കുന്നത് നിരോധിച്ചു. ഇതോടെ ചൈനയിലെ പ്ലാസ്റ്റിക് സഞ്ചിയുടെ ഉപയോഗം പകുതിയായി കുറഞ്ഞു. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അയര്‍ലന്‍ഡിന്റെ തീരുമാനം വന്‍ വിജയമായിരുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് 2002 മുതല്‍ വന്‍ നികുതി ഏര്‍പ്പെടുത്തിയതോടെ ഉപയോഗത്തില്‍ 94 ശതമാനമാണ് കുറവുവന്നത്. ഇന്ത്യ പ്രതിവര്‍ഷം 9.46 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉല്പാദിപ്പിക്കുന്നു. അതില്‍ പകുതിയും ഒറ്റ ഉപയോഗ പ്ലാസ്റ്റിക്കാണ്. 2022 ഓടുകൂടി ഒറ്റ ഉപയോഗ പ്ലാസ്റ്റിക് ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് സുസ്ഥിരവികസന ലക്ഷ്യത്തില്‍ പ്രധാനമായി പരിഗണിക്കുന്നത്. 2016 ല്‍ ഇന്ത്യ പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജന നിയമങ്ങള്‍ പുറത്തിറക്കിയിരുന്നുവെങ്കിലും ഇന്ത്യയ്ക്ക് ലക്ഷ്യനേട്ടത്തിലേക്ക് കുതിക്കാന്‍ സാധിച്ചിട്ടില്ല. ലോകത്താകമാനവും പ്രത്യേകിച്ച് ഇന്ത്യയിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന വിപത്ത് ഒരു പാരിസ്ഥിതിക പ്രതിസന്ധിയിലേക്കും പിന്നീട് ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പിനെയും അപകടത്തിലാക്കുന്നു.
മുതലാളിത്ത വ്യവസ്ഥിതി സൃഷ്ടിക്കുന്ന സാമൂഹ്യാവസ്ഥയുടെ ഭാഗമാണ് പാരിസ്ഥിതിക പ്രതിസന്ധിയെന്ന ജെയ്സണ്‍ മൂറിനെ പോലുള്ള ഇടതുപക്ഷ പരിസ്ഥിതി ചിന്തകരുടെ നിലപാട് ഇവിടെ പ്രസക്തമാകുന്നു. ജെയ്സണ്‍ മൂറിന്റെ പ്രമുഖ ഗ്രന്ഥമായ ‘കാപ്പിറ്റലിസം ഇന്‍ ദി വെബ് ഓഫ് ലൈഫ്’ മുതലാളിത്ത സാമൂഹ്യ ബന്ധങ്ങളും പാരിസ്ഥിതിക പ്രതിസന്ധിയും തമ്മിലുള്ള പരസ്പര ബന്ധം സാമൂഹ്യശാസ്ത്ര ഗവേഷണങ്ങളുടെ ഭാഗമാകണമെന്ന നിലപാടിലധിഷ്ഠിതമായ രചനയാണ്. പ്രകൃതിയും മുതലാളിത്തവും പരസ്പരം രൂപപ്പെടുത്തുന്ന വൈരുദ്ധ്യങ്ങളാണെന്ന ആശയമാണ് തത്വചിന്തയും രാഷ്ട്രീയ പാരിസ്ഥിതിക ശാസ്ത്രവും മാര്‍ക്സിസ്റ്റ് ചരിത്രവിശകലന രീതിശാസ്ത്രവും ചേര്‍ത്ത് ജെയ്സണ്‍ മൂര്‍ മുന്നോട്ടുവയ്ക്കുന്നത്. മരങ്ങളും പുഴകളും മലകളും ഉള്‍പ്പെടുന്ന വിലമതിക്കാനാവാത്ത ആവാസവ്യവസ്ഥയെ ചുരുങ്ങിയ ചെലവില്‍ ഉല്പന്നങ്ങളാക്കി വരേണ്യ സമൂഹത്തിന് ലഭ്യമാക്കുക എന്നതാണ് കോളനിവല്‍ക്കരണകാലം തുടങ്ങി മുതലാളിത്തം ചെയ്യുന്നത് എന്ന് മൂര്‍ വിശദമാക്കുന്നു.
ലോകത്താകമാനം രാജ്യങ്ങളെയും ജനവിഭാഗങ്ങളെയും അരികുവല്‍ക്കരിച്ച് കൊണ്ടും അവരുടെ ജീവിത മാര്‍ഗങ്ങള്‍ ഇല്ലാതാക്കിയുമാണ് മുതലാളിത്തം വിഭവങ്ങള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ സുലഭമാക്കുന്നത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം എന്ന മുതലാളിത്ത വ്യവസ്ഥിതിയുടെ അടിസ്ഥാന ലക്ഷ്യമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെയും മൂലകാരണം. ഭൂമിയുടെ പ്രകൃതിജന്യമായ പ്രവര്‍ത്തനത്തിന് തടസം വരുത്തുകയും ഭൂമിയുടെ ജലസംഭരണത്തെയും വായുസഞ്ചാരത്തെയും ഇല്ലാതാക്കി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നശിക്കാതെ ഭൂമിയില്‍ 5000 വര്‍ഷത്തോളം കിടക്കുന്നു. പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങള്‍ പോലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടു വരാനാണ് ശ്രമിക്കുന്നത്.
റീ സൈക്ലിംഗ് ഒരു പൂര്‍ണ ഉത്തരമല്ല. പക്ഷേ, ആധുനിക സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പ്ലാസ്റ്റിക്കുകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. എങ്കിലും ഭൂമിയുടെ നിലനില്‍പിനും ജീവജാലങ്ങളുടെ അതിജീവനത്തിനും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതായിട്ടുണ്ട്. പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള എളുപ്പവഴി അതിനെ വെറുക്കുക എന്നതുമാത്ര
***********************************************************************************
***********************************************************************************
വർദ്ധിച്ചു വരുന്ന ഇ-മാലിന്യങ്ങൾ പാരിസ്ഥിതിക ഭീഷണി ഉയർത്തുമ്പോൾ


ആഗോളതലത്തിലും പ്രത്യേകിച്ച് ഇന്ത്യയിലും വർദ്ധിച്ചുവരുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ (ഇ-മാലിന്യങ്ങൾ) പാരിസ്ഥിതിക ഭീഷണിയായി മാറുകയും ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്കിടയിൽ മറ്റൊരു വികസന പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ ഡിജിറ്റൽ യുഗത്തിലേക്ക് കുതിക്കുമ്പോഴും അത് സൃഷ്ടിക്കുന്ന ഇ-മാലിന്യങ്ങളെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നതിൽ ഇന്ത്യയിലെ ഭരണവ്യവസ്ഥ ശ്രദ്ധ പതിപ്പിക്കുന്നില്ല. കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോൺ, ബാറ്ററിസെല്ലുകൾ, പ്രിന്ററുകൾ, സ്കാനറുകൾ, എയർകണ്ടീഷനുകൾ, വാഷിംഗ്‍മെഷീൻ, റെഫ്രിജറേറ്ററുകൾ തുടങ്ങിയവ സാങ്കേതിക പുരോഗതിയിലുള്ള മാറ്റത്തിന്റെ ഫലമായി പുതിയ മോഡലുകളിലേക്ക് മാറുന്നു.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇത്തരത്തിലുള്ള നവീകരണത്തിലൂടെ ഉപഭോക്താക്കൾ പഴയ ഇലക്ട്രോണിക് ഉല്പ്പന്നങ്ങൾ വളരെ വേഗത്തിൽ ഉപേക്ഷിച്ച് പുതിയ ഉപകരണങ്ങൾ മാറ്റി വാങ്ങുന്നു. ഇത് ഇ-മാലിന്യങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു. മിക്ക ഇലക്ട്രോണിക് മാലിന്യങ്ങളിലും പ്ലാസ്റ്റിക്കുകൾ, ലോഹങ്ങൾ, കേബിളുകൾ, കാഥോഡ് റേ ട്യൂബുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ശാസ്ത്രീയമായി സംസ്കരിച്ചാൽ പ്ലാറ്റിനം, ചെമ്പ്, വെള്ളി സ്വർണ്ണം പോലുള്ള വിലയേറിയ ലോഹങ്ങൾ കണ്ടെത്തുകയും അതിനൊപ്പം ലിഥിയം, നിക്കൽ, മെർക്കുറി, ആർസെനിക്, കാഡ്മിയം, കോബാൾട്ട്, ഈയം എന്നീ വിഷപദാർഥങ്ങളുടെ സാന്നിദ്ധ്യമുണ്ട്. ഇ-മാലിന്യങ്ങൾ മനുഷ്യർക്കും ജീവജാലങ്ങൾക്കും ഒരുപോലെ ഭീഷണി സൃഷ്ടിക്കുന്നു. ഐ ടി മേഖലയുടെ വളർച്ചയിലൂടെ ഇന്ത്യയിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചു.
2018- ൽ ആഗോളതലത്തിൽ 50 ദശലക്ഷം ടൺ ഇ-മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നുവെന്നാണ് കണക്കാക്കുന്നത്. ആഗോള ഇ-മാലിന്യത്തിന്റെ 20 ശതമാനം മാത്രമാണ് ഓരോ വർഷവും പുനരുപയോഗിക്കുന്നത്. അതായത് 40 ദശലക്ഷം ടൺ ഇ-മാലിന്യങ്ങൾ വിഭവവീണ്ടെടുക്കലിനായി കത്തിക്കുകയോ, നിയമ വിരുദ്ധമായി വ്യാപാരം നടത്തുകയോ ചെയ്യുന്നു. കഴിഞ്ഞ കാലങ്ങളിൽ ചൈന ലോകത്തിലെ ഏറ്റവും വലിയ ഇ-മാലിന്യ നിക്ഷേപകേന്ദ്രമായി കണക്കാക്കുന്നു. ആഗോള തലത്തിൽ ചൈന, ഇന്ത്യ, പെറു, ഘാന, പാകിസ്ഥാൻ എന്നിവയാണ് വ്യവസായവത്ക്കരണ രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഇ-മാലിന്യങ്ങൾ സ്വീകരിക്കുന്നത്. 2017-ൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ഇ-വേസ്റ്റ് മോണിറ്റൽ പ്രകാരം ഇന്ത്യ പ്രതിവർഷം ഏകദേശം രണ്ട് ദശലക്ഷം ടൺ ഇ-മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനം യുഎസ്, ചൈന, ജപ്പാൻ, ജർമ്മനി എന്നിവയ്ക്കു ശേഷം ഇ-മാലിന്യ ഉല്പാദന രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയിലെ 95 ശതമാനം ഇ-മാലിന്യങ്ങളും കൃത്യമായ സംസ്കരണ രീതികൾ പാലിക്കാതെയാണ് പുനരുപയോഗം ചെയ്യുന്നത്. 2019- ൽ ഐക്യരാഷ്ട്ര സംഘടന ലോക സാമ്പത്തിക ഫോറത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഇ-മാലിന്യം 48.5 മെട്രിക് ടണ്ണിലെത്തി എന്നാണ്. ഐക്യരാഷ്ട്ര സംഘടന തന്നെ നൽകുന്ന സൂചന ഇത് വളരെ ഗൗരവമായി പരിഗണിച്ചില്ലെങ്കിൽ ഇതിന്റെ അളവ് ഇരട്ടിയാകുമെന്നാണ്. 2020-ലെ ടോക്കിയോ ഒളിമ്പിക്സ് മെഡലുകൾ 5000 ടൺ ഇ-മാലിന്യങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നതെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.
ആഗോള സാമ്പത്തിക ഫോറം 2018-ൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യ പരിസ്ഥിതി പ്രകടന സൂചികയിൽ 180 രാജ്യങ്ങൾക്കിടയിൽ 177-ാം സ്ഥാനത്താണ്. പരിസ്ഥിതി- ആരോഗ്യ നയങ്ങളിലെ മോശം പ്രകടനവും വായുമലിനീകരണം മൂലമുണ്ടാകുന്ന മരണവും ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമാകുന്നു. ലോകത്തിൽ വച്ചേറ്റവും വായുമലിനീകരണം അനുഭവിക്കുന്ന പ്രദേശമായി ഡൽഹി മാറിയിരിക്കുന്നു. 2018 മുതൽ ഇന്ത്യ പ്രതിവർഷം രണ്ട് ദശലക്ഷം ടണ്ണലധികം ഇ-മാലിന്യങ്ങൾ ഉല്പാദിപ്പിക്കുന്നു അതിനൊപ്പം ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് വൻതോതിൽ ഇ-മാലിന്യങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യന്നു. ഇത്തരത്തിലുള്ള പ്രവൃത്തിയിലൂടെ ഇന്ത്യയിലെ പരിസ്ഥിതിയെ പ്രത്യേകിച്ച്-ഭൂഗർഭമലിനീകരണത്തിലൂടെ വ്യക്തികളുടെ ആരോഗ്യം, ജീവജാലങ്ങളുടെ അതിജീവനം, ആവാസ വ്യവസ്ഥയുടെ നിലനിൽപ്പ് എന്നിവയെയും അപകടത്തിലാക്കുന്നു.
ഇ-മാലിന്യ സംസ്കരണത്തിൽ ഗുണനിലവാരമുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാത്തതിനാൽ ഇ-മാലിന്യത്തിലെ വിഷവസ്തുക്കൾ പരിസ്ഥിതിയിലേക്ക് ചേരുന്നു, തൊഴിലാളികളുടെ തൊഴിൽസുരക്ഷയും ആരോഗ്യവും പരിഗണിക്കാതെ പോകുന്നു.
ഇ-മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങൾ 2011 മുതൽ ഇന്ത്യയിൽ നിലവിലുണ്ട്. ഇ-വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങൾ 2016 ഒക്ടോബർ 1 മുതൽ നിലവിൽ വന്നു. ഈ നിയമത്തിന്റെ പരിധിയിൽ 21 ഉൽപ്പന്നങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനൊപ്പം എക്സറ്റെന്റഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (ഇപിആർ) നിയമം നടപ്പിലാക്കി ഓരോ ഇലക്ട്രിക്- ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആജീവനാന്ത കാലത്തേക്ക് ഉൽപ്പന്നങ്ങളുടെ ക്രമീകരണം മുന്നോട്ടു വെക്കുന്നു. കൂടാതെ പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി ഓർഗനൈസേഷൻ (പിആർഒ) എന്ന പുതിയ ക്രമീകരണത്തിലൂടെ നിർമ്മാതാക്കളുടെ ഉത്തരവാദിത്വം മാലിന്യ ശേഖരണത്തിൽ മാത്രം ഒതുക്കി നിർത്താതെ മാലിന്യ സംസ്കരണം, പുനരുപയോഗം എന്നിവയും ഉറപ്പു വരുത്തണമെന്ന് ഈ നിയമം അനുശാസിക്കുന്നു.
ഇന്ത്യയിൽ ഇ-മാലിന്യ സംസ്കരണത്തിന് സംസ്ഥാന സർക്കാരുകളുടെ അംഗീകരമുള്ള 178 ഇ-വേസ്റ്റ് റീസൈക്ലറുകൾ ഉണ്ട്. എന്നാൽ ഇവ ഉപയോഗിച്ച് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നില്ല. ചിലത് അപകടകരമായ അവസ്ഥയിൽ സൂക്ഷിക്കുമ്പോൾ മറ്റു ചിലത് അത്തരം മാലിന്യങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷി പോലുമില്ലെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അസംഘടിത മേഖലകളിലെ ഇ-മാലിന്യ പുനരുപയോഗത്തിന്റെ അപകടങ്ങളെകുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് 2015 മുതൽ ഡിജിറ്റൽ ഇന്ത്യയ്ക്ക് കീഴിൽ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഒരു ഇ-മാലിന്യ ബോധവത്കരണ പരിപാടി ആരംഭിച്ചു.
പരിസ്ഥിതി സൗഹൃദമായ ഇ-മാലിന്യ പുനരുപയോഗ രീതികൾ സ്വീകരിക്കേണ്ട ആവശ്യകതയെക്കുറിച്ചാണ് ഈ മന്ത്രാലയം ഊന്നൽ നൽകുന്നത്.
ഇ-വേസ്റ്റ് മാനേജ്മെന്റ് നിർമ്മാതാക്കളുടെ ഉത്തരവാദിത്വമാണെങ്കിലും ഉപഭോക്താക്കൾ, ചില്ലറ വ്യാപാരികൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, മുൻസിപ്പാലിറ്റികൾ, സന്നദ്ധ സംഘടനകൾ, സ്വയം സഹായസംഘങ്ങൾ എന്നിവർക്കും ഇ-വേസ്റ്റ് സംസ്കരണത്തിൽ ശക്തമായി ഇടപെടാൻ സാധിക്കും. കരയിലും വെള്ളത്തിലും വായുവിലും ഇ-മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടതായിട്ടുണ്ട്. സർക്കാരുകൾ ആവശ്യമായ സാമ്പത്തിക സഹായവും സാങ്കേതിക മാർഗ്ഗ നിർദ്ദേശവും നൽകി പുതിയ സംരംഭകരെ പ്രോൽസാഹിപ്പിക്കുകയും പ്രത്യേക ഇളവുകൾ നൽകി ഇ-മാലിന്യ പുനരുപയോഗവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുന്നതിന് പ്രോൽസാഹിപ്പിക്കുകയും വേണം. അസംഘടിത മേഖലയെ സംഘടിത മേഖലയുമായി സംയോജിപ്പിച്ചുള്ള കൂട്ടായ മാർഗ്ഗങ്ങൾ സർക്കാർ തലത്തിൽ ഇ-മാലിന്യസംസ്കരണത്തിൽ പരിഗണിക്കണം.
ഇ-മാലിന്യങ്ങൾ മികച്ചരീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന മാർഗം ഉപഭോക്താക്കളാണ്. വലിച്ചെറിയുന്ന മാലിന്യങ്ങൾക്കൊപ്പം ഇ-മാലിന്യങ്ങൾ വലിച്ചെറിയാതെ അത് പ്രത്യേകമായി സൂക്ഷിച്ച് ഇ-മാലിന്യ ശേഖരണ എജൻസികൾക്ക് കൈമാറ്റം ചെയ്യണം. പരിസ്ഥിതി സൗഹൃദ ഇ-വേസ്റ്റ് മാനേജ്മെന്റ് പരിപാടികൾ പ്രോൽസാഹിപ്പിക്കുന്നതിന് ഉപഭോക്താക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. അതിനൊപ്പം സുസ്ഥിര ഉപഭോക്തൃ ശീലങ്ങളും ഉപഭോക്താക്കൾ വളർത്തിയെടുക്കണം. സാങ്കേതികമായി പ്രാവീണ്യമുള്ള മാനവ വിഭവശേഷി ഉപയോഗിച്ച് സുസ്ഥിര ഉപഭോക്തൃ ശീലങ്ങൾ വളർത്തുന്നതിനായി ഗവൺമെന്റ് തലത്തിലും പ്രാദേശികതലത്തിലും വ്യക്തിതലത്തിലും ശക്തമായ ഇടപെടലുകൾ നടത്തിയാൽ മാത്രമേ ഇ-മാലിന്യ സംസ്കരണം വിജയകരമാവുകയുള്ളു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി ഇ-മാലിന്യങ്ങൾ സുരക്ഷിതമായി പുനരുപയോഗം ചെയ്യുന്നതിനും പുറന്തള്ളുന്നതിനും സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുകൾക്കായി ഇനി ഒരു നിമിഷം പോലും പാഴാക്കരുത്.
No comments:
Post a Comment